Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

August 4, 2012

ഓട്‌സിനു പോയി ഷാംപുവായി




പാലു വാങ്ങാന്‍ പോയി ആടായി എന്നു വടക്കന്‍ മല്‍ബുകള്‍ പറയുന്നതു പോലെയല്ല ഇത്. പാലിനു പോയയാള്‍ മടങ്ങിയെത്താന്‍ വൈകിയതിലുള്ള നീരസമാണ് അവന്‍ അവിടത്തന്നെ ആയി എന്ന ആടായി പ്രയോഗം.

ഇവിടെ ഓട്‌സ് വാങ്ങാന്‍ പോയ മല്‍ബു ഷാംപുവുമായി മടങ്ങിയ ദുരന്തകഥയുടെ വിവരണമാണ്.
ദുരന്തമെന്നു തന്നെ പറയാം. കാരണം നോമ്പു കാലമായതു കൊണ്ടു മാത്രമാണ് മല്‍ബിയുടെ പഴിയില്‍നിന്നു രക്ഷപ്പെട്ടത്. അത്യാവശ്യം വേണ്ട സാധനത്തിനു പകരം ഒട്ടും ആവശ്യമില്ലാത്ത സാധനം ഒരു ഡസന്‍ വാങ്ങി വന്നാല്‍ ഉപഭോക്തൃശാസ്ത്രത്തില്‍ ഒട്ടും വിവരമില്ലാത്ത മല്‍ബി പോലും വെറുതെ വിടില്ല.

ഓ അതങ്ങു വാങ്ങി. അതിനിപ്പോ കൊല്ലുകയൊന്നുമില്ലല്ലോ? എന്ന് മല്‍ബു ആശ്വസിച്ചതു പോലെ കലഹമൊന്നുമുണ്ടായില്ല.
നോമ്പുകാലത്ത് താളിപ്പു പോലെ പ്രധാനമാണ് ഓട്‌സും. താളിപ്പു മലപ്പുറത്തുകാര്‍ക്കല്ലേ പ്രധാനമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു വെറുമൊരു തര്‍ക്ക വിഷയം മാത്രമാണ്. തര്‍ക്കവിതര്‍ക്കങ്ങള്‍ ഒട്ടും പാടില്ല വ്രതമാസത്തില്‍. ഹോട്ടലുകളിലും അതുപോലെ ബാച്ചിലേഴ്‌സ് കൂട്ടമായി താമസിക്കുന്ന മല്‍ബുമെസ്സുകളിലും അനിവാര്യ വിഭവമാണ് ആരോഗ്യത്തിനു ഒരു തരത്തിലുമുള്ള ഭീഷണിയുമുണ്ടാക്കാത്ത താളിപ്പ്. വ്രതം ആരംഭിക്കുന്നതനു മുമ്പുള്ള അത്താഴത്തോടൊപ്പം വയറിനു സുഖമേകുന്ന എരിവും പുളിയുമില്ലാത്ത മിശ്രിതം.
താളിപ്പു വിരുദ്ധര്‍ എത്ര ഉണ്ടായിട്ടും കാര്യമില്ല, മലപ്പുറത്തുകാരില്ലാത്ത മെസ്സ് കണ്ടെത്താനാവില്ല എന്നതാണ് എന്തുകൊണ്ട് അനിവാര്യമെന്ന ചോദ്യത്തിന്റെ ഉത്തരം.
താളിപ്പ് ഒരു ശുദ്ധ മല്‍ബു കൂട്ടാണെങ്കില്‍ ഓട്‌സ് ഒരു രാജ്യാന്തര സാധനമാണ്. അതുകൊണ്ടാണല്ലോ എല്ലാ വാണിജ്യ കേന്ദ്രങ്ങളിലും ഇത്രമാതം ഓട്‌സിറക്കി റമദാനെ വരവേല്‍ക്കുന്നത്. ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ഓട്‌സിനുമുണ്ട് ചെറുതല്ലാത്ത സ്ഥാനം.
എന്നാല്‍ എന്തുകൊണ്ട് നമ്മുടെ താളിപ്പിന്റെ രസക്കൂട്ടായ കഞ്ഞിവെള്ളത്തിന്റെ വ്യാപാര സാധ്യത ഇനിയും മല്‍ബു കണ്ടെത്തിയില്ല എന്നത് ഒരു ചിന്താവിഷയമാണ്. വസ്ത്രങ്ങള്‍ മുക്കാന്‍ ആവശ്യമായ കഞ്ഞി കേരളത്തിലെ ഖാദിബോര്‍ഡടക്കം ധാരാളം കമ്പനികള്‍ വിപണിയിലിറക്കുന്നുണ്ട്. അതുപോലെ താളിപ്പില്‍ ചേര്‍ക്കാന്‍ സിന്തറ്റിക് സ്റ്റാര്‍ച്ച് അഥവാ രാസകഞ്ഞിക്കട്ട വരുന്ന കാലം അതിവിദൂരമല്ല.
കൃത്യമായ കണക്കുകൂട്ടലോടെയാണ് മല്‍ബുവിനെ ചെക്കന്‍ സഹിതം മല്‍ബി സൂപ്പര്‍ മാര്‍ക്കറ്റിലേക്കയച്ചത്.  ഓട്‌സ് ഓഫറിനു പിന്നാലെ ആളുകള്‍ കൂടിയപ്പോള്‍ പതിവു പോലെ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ നിയന്ത്രണം വെച്ചു. ഹോള്‍സെയില്‍ പര്‍ച്ചേസില്ല, ഒരാള്‍ക്ക് രണ്ടെണ്ണം മാത്രം. അതും ബില്‍ പേ ചെയ്യുമ്പോള്‍ കൗണ്ടറില്‍നിന്നു കിട്ടും. ചൈനീസ് മാതൃകയില്‍ ഒരാള്‍ക്ക് ഒന്നെന്ന വ്യവസ്ഥ വേറെ പല സാധനങ്ങള്‍ക്കുമുണ്ട്. സ്റ്റോക്ക് തീരുന്നതുവരെ എന്ന കണ്ടീഷന്‍ ഉള്ളതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും ഈ ഓഫര്‍ തനിയെ ഇല്ലാതാകാം.
സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ മല്‍ബുവല്ലേ കക്ഷി, എന്തെങ്കിലുമൊക്കെ വാങ്ങാതെ എങ്ങനെ കൗണ്ടറില്‍ പോയി ഓട്‌സ് ചോദിക്കുമെന്ന അഭിമാന പ്രശ്‌നം ഉയര്‍ന്നുവന്നു.
വേറെ സാധനങ്ങളൊന്നും വാങ്ങാന്‍ മല്‍ബി ഏല്‍പിച്ചിട്ടുമില്ല. എന്തെങ്കിലും ഓഫറുള്ള സാധാനം വാങ്ങാമെന്ന നിശ്ചയത്തില്‍ മല്‍ബു ഒരു കറക്കം കറങ്ങിയപ്പോള്‍ കണ്ടത് ചുളുവിലയിട്ടുവെച്ചിരിക്കുന്ന ഷാംപു. അധികമൊന്നും ചിന്തിക്കാതെ മല്‍ബുവും കൊച്ചനും അരഡസന്‍ വീതം വാങ്ങി കൗണ്ടറിലെത്തി. ബില്ലൊക്കെ അടിക്കുന്നതുവരെ അലസമായിനിന്നു. അതാണല്ലോ മല്‍ബു സ്‌റ്റൈല്‍, രണ്ട് ഓട്‌സിനായി വന്നതാണെന്ന് കൗണ്ടറിലിരിക്കുന്നയാള്‍ക്ക് തോന്നാന്‍ പാടില്ല.
രണ്ട് ഓട്‌സ് കൂടി തന്നേക്കൂ
കാഷ്യറുടെ മുഖത്തു നോക്കാതെ ആവശ്യപ്പെട്ടപ്പോഴാണ് അയാളുടെ വായില്‍നിന്നു പുറത്തുവന്നത്.
അയ്യോ തീര്‍ന്നു പോയല്ലോ?
ബില്ലടിച്ച ഷാംപു ഇനിയെങ്ങനെ തിരിച്ചു നല്‍കും. ഉപഭോക്താവാണ് രാജാവ് എന്നൊക്കെ പറയാന്‍ കൊള്ളാം. ആവശ്യമുണ്ടായിട്ട് വാങ്ങിയതല്ലെങ്കില്‍ പോലും അങ്ങനെ വാങ്ങിയ സാധനം മടക്കി നല്‍കുന്നത്് മല്‍ബുവിന്റെ സംസ്‌കാരത്തിനു നിരക്കുന്നതല്ലല്ലോ?
ഓട്‌സിനു പോയയാള്‍ കൈ നിറയെ ഷാംപുവുമായി മടങ്ങിയതു കണ്ട് മിഴിച്ചുനോക്കിയ മല്‍ബിയോട് വേണ്ടെങ്കില്‍ നാട്ടില്‍ കൊണ്ടു പോകാം ചുളുവിലയേയുള്ളൂ എന്നായിരുന്നു മറുപടി.
നാട്ടീന്നു കൊണ്ടുവന്ന താളിയും ചെറുപയര്‍പൊടിയുമൊക്കെ അതു പോലെ കിടക്കുമ്പോഴാണ് ഷാംപുവിന്റെ മൊത്തക്കച്ചവടം. നാട്ടില്‍ കൊണ്ടു പോകാമെന്നു പറഞ്ഞാലും തീരുന്നതല്ല പ്രശ്‌നം. ഓസിനു കിട്ടിയാല്‍ മല്‍ബു ആസിഡും കുടിക്കുമെന്ന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ നിവൃത്തിയില്ല.
ഈ ഷാംപുവുമായി നാട്ടില്‍ ചെന്നാല്‍ ഗള്‍ഫീന്നു കൊണ്ടുവന്നതല്ലേ എന്നു കരുതിപ്പോലും ആരും ഉപയോഗിക്കില്ല. കാരണം ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ന്നതെന്ന് മുദ്ര കൂത്തി ഇത് നാട്ടില്‍ എന്നോ നിരോധിച്ചിരിക്കുന്നു.  


6 comments:

Mohamedkutty മുഹമ്മദുകുട്ടി said...

തലക്കെട്ട് കണ്ടാദ്യം അന്തം വിട്ടു.പിന്നീടല്ലെ കാര്യത്തിന്റെ പോക്കു മനസ്സിലായത്. ഒരു പറ്റൊക്കെ ഏത് മല്‍ബൂനും പറ്റും.എന്നാലും ഈ ഷാമ്പൂ ഇനി എന്തു ചെയ്യും?.

Jefu Jailaf said...

കാഷ്യറുടെ മറുപടി കേട്ടപ്പോള്‍ മല്ബുവിന്റെ കല്‍ബടിച്ച്ചു പോയിട്ടുണ്ടാകുമല്ലോ..

Unknown said...

അതെനിക്ക് ഇഷ്ടപ്പെട്ടു....ബില്ലടിക്കുന്നതു വരെ ഡീസന്‍റായി നിന്നിട്ട്...

kochumol(കുങ്കുമം) said...

കൊള്ളാം ഇങ്ങനെ തന്നെ വേണം ഓട്സ് വാങ്ങാന്‍ ...:)

Echmukutty said...

എന്‍റെ വീട്ടില്‍ ഓട്സ് വാങ്ങാന്‍ പാടില്ല, നിരോധനാജ്ഞയുണ്ട്.അതിനു പകരം ചാമ,ബാജ്റ ഒക്കെയേ വാങ്ങാവൂ...

ഓട്സ് കഥ ഇഷ്ടമായി........

Vinodkumar Thallasseri said...

നാട്ടില്‍ ചിലവാകില്ല എന്ന്‌ പറയുന്നത്‌ വെറുതെ. മറ്റു രാജ്യങ്ങളില്‍ നിരോധിച്ച പലതും ആര്‍ത്തിയോടെ വാങ്ങി ഉപയോഗിക്കുന്നവനാണ്‌ മലയാളി. ധൈര്യമായി നാട്ടില്‍ കൊണ്ട്‌ പോയ്ക്കൊള്ളൂ.

Related Posts Plugin for WordPress, Blogger...