Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

July 7, 2012

മുറുകിപ്പോയ ഒരു ടൈ



ടെന്‍ഷനില്ലാതെ എങ്ങനെ പുറത്തിറങ്ങാമെന്ന് ഒരു വി.ഐ.പിയില്‍നിന്ന് പഠിച്ചിറങ്ങിയ മല്‍ബുവിന് പറ്റിയത് അക്കിടി. അക്കിടിയെന്നു പറഞ്ഞാല്‍ ശരിയാകില്ല, ശരിക്കും കൂട്ടിയിടി തന്നെയാണ് സംഭവിച്ചത്.
സ്വാഭാവികമായും ഉസ്താദിനെ പഴിക്കാന്‍ തോന്നിയെങ്കിലും അയാളെന്തു പിഴച്ചുവെന്ന് മനസ്സ് ആശ്വസിപ്പിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനു മുമ്പ് തന്നെ വണ്ടിയോടിച്ചു തുടങ്ങിയ മല്‍ബുവിന് മല്‍ബിയേയും കുഞ്ഞിനേയും നാട്ടില്‍ വിട്ടതിനു ശേഷം അക്കിടിയോട് അക്കിടിയായിരുന്നു.
ഒരു യൂസ്ഡ് കാര്‍ കയ്യില്‍ വന്നുപെട്ടു. ടെസ്റ്റിനു പോയി ലൈസന്‍സ് സമ്പാദിക്കാന്‍ ക്ഷമ ഇല്ലായിരുന്നു. അതിനു മുമ്പുതന്നെ കാറുമായി റോഡിലിറങ്ങി. ട്രാഫിക് പോലീസ് പിടിക്കില്ലേ എന്നു ചോദിച്ചവരോട് മല്‍ബു പറഞ്ഞു.

ദേ കണ്ടില്ലേ മുന്‍ സീറ്റിലിരിക്കുന്നു ലൈസന്‍സ്.
സീറ്റില്‍ മറ്റാരുമായിരുന്നില്ല, മല്‍ബിയും കുഞ്ഞും. ഇവരെ മുന്നിലിരുത്തി വണ്ടി ഓടിച്ചു പോയാല്‍ ആരും ബുദ്ധിമുട്ടിക്കില്ല, നിര്‍ത്താന്‍ കൈ കാണിക്കുക പോലുമില്ല. വിശ്വാസമാണല്ലോ എല്ലാം. മല്‍ബു അങ്ങനെ രണ്ടു വര്‍ഷത്തോളം കാറോടിച്ചു. ഒരു പോലീസുകാരനും ഒരിക്കലും കൈ കാണിച്ചില്ല.

പക്ഷേ മുന്‍ സീറ്റില്‍ കവചമായി കൊണ്ടുനടന്ന ജീവനുള്ള ലൈസന്‍സിന് നാട്ടില്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ? വെക്കേഷന് മല്‍ബിയും കുഞ്ഞും നാട്ടിലേക്ക് പറന്നു. അതോടെ ലൈസന്‍സില്ലാതെ വണ്ടി ഓടിക്കാമെന്ന ധൈര്യം ചോര്‍ന്നു പോകുകയും മല്‍ബു യഥാവിധി ടെസ്റ്റിനു പോയി  അതു സമ്പാദിക്കുകയും ചെയ്തു.

പിന്നെയാണ് കഥ. ലൈസന്‍സ് പഴ്‌സിലിട്ട് വണ്ടി ഓടിച്ച ആദ്യ ദിവസം തന്നെ പോലീസ് കൈ കാണിച്ചു. കടലാസൊക്കെ ഉണ്ടായിരുന്നതിനാല്‍ പിഴ ഒന്നുമില്ല. പക്ഷേ, കൈനീട്ടം പിഴച്ചില്ല. തുടര്‍ന്നങ്ങോട്ട് എപ്പോഴും കൈ നീട്ടല്‍ തന്നെ. വല്ലാത്ത ഒരു അത്ഭുതമായാണ് മല്‍ബുവിന് അതു ഫീല്‍ ചെയ്തത്. രണ്ടു വര്‍ഷം ഒരിക്കല്‍ പോലും പരിശോധനക്കായി കാര്‍ നിര്‍ത്തേണ്ടി വന്നിട്ടില്ല. മല്‍ബുവിന്റെ മനസ്സില്‍ മല്‍ബിയുടെ വില, നാട്ടില്‍ സാധനങ്ങളുടെ വില ഉയരുന്നതു പോലെ കുത്തനെ ഉയര്‍ന്നു.

അങ്ങനെയിരിക്കേയാണ് ഫാമിലി ഫ്‌ളാറ്റ് വിട്ട് ബാച്ചിലേഴ്‌സ് ഫ്‌ളാറ്റിലേക്ക് മാറിയ മല്‍ബുവിന് ആ ഗുരുനാഥനെ ലഭിച്ചത്. എപ്പോഴും ടൈ കെട്ടി മാത്രം കാറോടിക്കുന്ന ഒരു ഉസ്താദ്.

മല്‍ബു തന്റെ സങ്കട കഥ വിവരിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു:
ഞാന്‍ ഈ ടൈ കെട്ടി കാര്‍ ഓടിക്കുന്നതിന്റെ ഗുട്ടന്‍സ് പിന്നെ എന്താണ്? വെറുമൊരു കുക്കായ ഞാന്‍ ഇങ്ങനെ ഷര്‍ട്ട് ഇന്‍ ചെയത് ടൈ കെട്ടി കാര്‍  ഓടിക്കുന്നത് ആര്‍ക്കും ദഹിച്ചിട്ടില്ല. നാളെ നീ ഇങ്ങനെ ഒന്നു പോയി നോക്കൂ. കാറിന് ഒരാളും കൈനീട്ടില്ല. നീട്ടിയാല്‍ തന്നെ ഉടന്‍ തന്നെ കൈവീശി വിടുന്നതിനും വിദ്യകളുണ്ട്.

മല്‍ബുവിന് കൗതുകമായി. കാതു കൂര്‍പ്പിച്ചു കേട്ടു. അറിവ് എവിടെനിന്നായാലും നേടണമല്ലോ. ഡ്രീം ലൈനര്‍ വിമാനം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍നിന്നു വന്ന പൈലറ്റുമാരെക്കൊണ്ട് തൊടീക്കരുത് എന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ പറയുന്നതൊക്കെ ചീപ്പ് എര്‍പ്പാടാണ്.
ടൈ കെട്ടുന്ന കുക്ക് നിസ്സാരക്കാരനല്ലാട്ടോ. നിവൃത്തികേട് കൊണ്ടാണ് ഇങ്ങനെ അടുപ്പിലെ ചൂട് സഹിക്കുന്നത്. കണ്ണില്‍ ചോരയില്ലാത്ത കഫീല്‍ ഉടലോടെ അപ്രത്യക്ഷനാക്കിയ ശേഷം മറ്റൊരു വഴിയും കണ്ടില്ല. ആരും പണി നല്‍കാതായി. കുക്കിന്റെ വേഷമണിഞ്ഞു. വെള്ളിയാഴ്ചകളില്‍ ഒന്നു രണ്ടിടത്ത് വി.ഐ.പി ഫുഡുണ്ടാക്കുന്ന ഏര്‍പ്പാടുണ്ട്. അവിടേക്ക് പോകാനാണ് ടൈ കെട്ടി ഡ്രൈവര്‍ സീറ്റില്‍ കയറുന്നത്.
വി.ഐ.പി കുക്കില്‍നിന്ന് മല്‍ബു പാഠങ്ങള്‍ അഭ്യസിച്ചു.

ഷര്‍ട്ട് ഇന്‍ ചെയ്ത് ടൈ കെട്ടിയ ശേഷം കാറില്‍ കയറി നിവര്‍ന്നിരിക്കണം. 90 ഡിഗ്രിയില്‍ ശരിക്കും മസിലു പിടിക്കണം. ആരു കണ്ടാലും ഏതോ ഉയര്‍ന്ന ഉദ്യോഗസ്ഥാനാണെന്നു തോന്നണം. മുന്നോട്ടേ നോക്കാവൂ. അങ്ങനെ പോകുമ്പോള്‍ ആരെങ്കിലും കൈ നീട്ടാനുള്ള സാധ്യത ഒട്ടുമില്ല. ഇനി നീട്ടിയാല്‍ തന്നെ ഒരിക്കലും അറബി ഭാഷ മൊഴിഞ്ഞു പോകരുത്.
പകരം, കാന്‍ യൂ സ്പീക്ക് ഇംഗ്ലീഷ് സാര്‍, ഐ ഡോണ്‍ട് നോ അറബിക് എന്നു പറഞ്ഞേക്കണം.

വണ്ടി നിര്‍ത്തിക്കാന്‍ വന്നയാള്‍ അതുപോലെ പോയിക്കോളും.
ആകെക്കൂടി കേട്ടപ്പോള്‍ കൊള്ളാലോ വിദ്യ എന്നു തോന്നിയ മല്‍ബു ടൈ കെട്ടാന്‍ അറിയാത്തതിനാല്‍ ഉസ്താദിനെക്കൊണ്ടു തന്നെ അതു നിര്‍വഹിപ്പിച്ചു. ഇനിയിത് എല്ലായ്‌പോഴും കെട്ടണമെന്നില്ല, ഊരിയെടുത്ത് ആവശ്യം വരുമ്പോള്‍ തലയിലൂടെ ഇട്ടാല്‍ മതി.

അങ്ങനെ വഴിയും കുറുക്കുവഴിയും പഠിച്ച് ടൈ കെട്ടി മസിലു പിടിച്ചു പോകുകയായിരുന്നു മല്‍ബു. ആദ്യമായിട്ടാവണം ടൈ കഴുത്തില്‍ മുറുകുന്നതു പോലെ തോന്നി. പെട്ടെന്നാണ് അതു സംഭവിച്ചത്. മുന്നില്‍ പോയിക്കൊണ്ടിരുന്ന വില കൂടിയ കാറിനു പിന്നില്‍ ചെന്നിടിച്ചു.

വണ്ടി നിര്‍ത്തി ചാടിവന്ന അയാളുടെ  മുന്നില്‍ അറബി പാടേ മറന്നുകൊണ്ട് ഇംഗ്ലീഷില്‍ അഭയം തേടി മല്‍ബു. 'കാന്‍ യൂ സ്പീക്ക് ഇംഗ്ലീഷ്?' എന്നു ചോദിച്ചതും ആഗതന്‍ ടൈയില്‍ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു. മല്‍ബുവിന് സോറിയുടെ ഇംഗ്ലീഷ് ആലോചിച്ചെടുക്കേണ്ടി വന്നില്ല....മാലിഷ്.
ടൈ മുറുകിയതുകൊണ്ടോ പേടിച്ചരണ്ടതുകൊണ്ടോ മല്‍ബുവിന്റെ മുഖഭാവങ്ങള്‍ ആഗതനെ തണുപ്പിച്ചു.  

25 comments:

grkaviyoor said...

ഹ ഹ ഹ കണ്‌ഠ കൗപീനം ഇങ്ങനെ വിനയായി മാറിയല്ലോ ഒപ്പം ഭാഷയും

ഷാജു അത്താണിക്കല്‍ said...

hhhha ഹഹഹ്ഹാ പ്യാവം
മൽബു വീണ്ടും ഗുലുമാലിൽ

വീകെ said...

ആദ്യായിട്ട് ടൈ കെട്ടീതല്ലെ... സാരല്യാ...

Prabhan Krishnan said...

മല്‍ബുവിന്റെ ചലിക്കുന്ന ലൈസന്‍സ് ഇഷ്ട്ടായി.
ആശംസകള്‍..!

mini//മിനി said...

പതുക്കെ അത് ശീലമായിക്കൊള്ളും,,

ajith said...

“മല്‍ബുവിന്റെ മനസ്സില്‍ മല്‍ബിയുടെ വില, നാട്ടില്‍ സാധനങ്ങളുടെ വില ഉയരുന്നതു പോലെ കുത്തനെ ഉയര്‍ന്നു”

മല്‍ബിയോട് പറഞ്ഞോ ഈ വിലക്കയറ്റം

കുഞ്ഞൂസ് (Kunjuss) said...

കഥാന്ത്യത്തില്‍ വിദ്യ പറഞ്ഞു കൊടുത്ത ഗുരുവിന്റെ കാറില്‍ ആയിരിക്കുമോ മല്‍ബുവിന്റെ വണ്ടി ഇടിച്ചത് എന്നോര്‍ത്തു...
പാവം, മല്‍ബു, മല്‍ബിയെ വേഗം തിരിച്ചു കൊണ്ടുവരുന്നതാവും നല്ലത് , ല്ലേ...?

aboothi:അബൂതി said...

കൊള്ളാമല്ലോ ഈ കണ്ധാകൌപീന പുരാണം.. :)

majeed alloor said...

ടൈ കെട്ടിയാല്‍ മാന്യനും മഹാനുമായി എന്നു കരുതുന്ന മല്‍ബുമാരുടെയെല്ലാം തലക്ക് കിട്ടിയ ഇടി..!
അഭിനന്ദനങ്ങള്‍

a.rahim said...

ഇത് കേട്ടപ്പഴാണ് ഒരിക്കല്‍ നടന്ന സംഭവം ഓര്‍മ്മ വന്നത്.
ഒരിക്കല്‍ രാത്രി പന്ത് കളി നടക്കുന്നതിനിടയില്‍ ഗ്രൗണ്ടിലേക്ക് വന്ന പോലീസ് എല്ലാവരെയും കയറ്റി സ്റ്റേഷനില്‍ കൊണ്ടു പോയി നിര്‍ത്തി. സ്‌റ്റേഷനിലെത്തിയ ഞങ്ങളെ പോലീസുകാര്‍ എന്തിനാണ് ഈ രാത്രിയില്‍ കളിച്ചു കൊണ്ടിരിക്കുന്നത്.....നിങ്ങള്‍ക്ക് പകല്‍ കമയത്ത് കളിച്ചാല്‍ പോരേ........രാത്രി കളിക്കുന്നത് അടുത്തുള്ള വീട്ടുകാര്‍ക്ക് ശല്യമാവില്ലേ എന്നീ രീതിയില്‍ ചിരിച്ചു കൊണ്ടു തന്നെ ഉപദേശിച്ച് ഞങ്ങളെ പറഞ്ഞു വിടാന്‍ നില്‍ക്കുന്നതിനിടയില്‍ ......
ഞങ്ങളെ പിടിച്ചു കൊണ്ടുപോയതറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഞങ്ങളുടെ സുഹൃത്ത് പോലീസുകാരോട് സലാം ചൊല്ലിയതിനു ശേഷം സാര്‍ ആക്ച്വലി വാട്ട് പ്രോബ്ലം എന്നു ചോദിച്ചുതും ...........8ൃ*യൈാ`i2/?,sd എന്ന രീതിയിലുള്ള ചീത്ത കേട്ടൂ എന്നു മാത്രമല്ല.........ഇറക്കിവിടാന്‍ തയാറായ പോലീസുകാരന്‍ തന്നെ ഞങ്ങളെ എല്ലാവരെയും ആക്ച്വലിയെയും സുബഹി നമസ്കാരം കഴിയുന്നതു വരെ അവിടെ തന്നെ പിടിച്ചു നിര്‍ത്തിയതും ഓര്‍മ്മ വന്നു..........

മല്‍ബു നന്നായി

Jefu Jailaf said...

ജീവനുള്ള ലൈസെന്‍സ്, അത് കലക്കി. :)

Unknown said...

എനിട്ട്‌ എന്തായി ?

പോലീസെ പിടിച്ചോ പിനീട് ?



എന്തായാലും ഐഡിയ കൊള്ളാം ,

പരീക്ഷിക്കാം അല്ലെ ?

A said...

വളരെ രസകരമായി അവതരിപ്പിച്ചു. ഇത് വായിച്ചപ്പോള്‍ എനിക്കും ഒരു സംഭവം ഓര്മ വരുന്നു. എന്റെ ഒരു സുഹൃത്ത്‌ ദുബായില്‍, അന്ന് അറബിയുടെ ഡ്രൈവര്‍ ആയിരുന്നു. ഈ മല്‍ബു ഒറ്റയ്ക്ക് വല്ല സ്ഥലത്ത് നിന്നും വൈകി എത്തിയാല്‍ അറബി ബോസ്സ് എന്നും വഴക്കിടും. മല്‍ബുവിനു അറബി ഭാഷ നന്നായി അറിയാം. അത് കൊണ്ട് കാരണങ്ങള്‍ അവന്‍ വിശദമായി വിവരിച്ചു കൊടുക്കും അറബിക്ക്. ഇത് കേള്‍ക്കുമ്പോള്‍ അറബി കൂടുതല്‍ വഴക്ക് പറയും. ഒരു ദിവസം വഴക്കിന്റെ തുടക്കത്തില്‍ തന്നെ മല്‍ബു പറഞ്ഞു "ഐ ആം സോറി" അതോടെ അറബി ആകെ തണുത്തു. അറബി അവനെ തോളത്ത് തട്ടി സ്നേഹത്തോടെ പറഞ്ഞു അത് സാരമില്ല മോനെ. പിന്നെ മല്‍ബു അത് സ്ഥിരം നംബറാക്കി. അവന്റെ ഉസ്താത് ആരാണെന്ന് എനിക്ക് അറിയില്ല.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സത്യമായ ഒരു പോസ്റ്റ്. വിവരണമോ അതിലേറെ സുന്ദരം.മൽബി ലൈസൻസിനേ എനിക്കു ക്ഷ പിടിച്ചു.

Anonymous said...

അല്പം എ ഒണ്‍ലി: കല്യാണവും ഡ്രൈവിങ്ങും തമ്മിലുള്ള വ്യത്യാസം...? ആദ്യതെത് ലൈസെന്‍സ് കിട്ടിയിട്ട പഠിക്കുന്നു രണ്ടാമതെത് പഠിച്ച ശേഷം ലൈസെന്‍സ് കിട്ടുന്നു..!!!!(പന്ടെങ്ങാന്ടെവിടെയോ വായിച്ചത്..)

ഒരു കുഞ്ഞുമയിൽപീലി said...

ഹ ഹ അങ്ങിനെ തന്നെ വേണം :))

Moh'd Yoosuf said...

ഹ ഹ മൽബുവിന്റെ കാര്യം! :D

Echmukutty said...

ഇങ്ങനെ ഒരു മല്‍ബു......എന്തു പറയാനാ...

anwer said...

kalakki..ashrafka...

MINI.M.B said...

ഈ മല്ബുവിന്റെ ഒരു കാര്യം..

K@nn(())raan*خلي ولي said...

മല്ബുവിനു പറ്റിയ അക്കിടി ഒരുപാടുണ്ട് എനിക്കും ഓര്‍ക്കാന്‍
അവസരം വരട്ടെ.

Pheonix said...

അറബി വണ്ടീടെ മൂട്ടിലിടിച്ചത്തിനു എത്ര റിയാലിന്റെ പണി കിട്ടീന്നു പറഞ്ഞില്ല!

Unknown said...

മൽബു കൊള്ളാമല്ല്.... നമുക്ക് പിന്നെ അറബി അറിയാത്തത് കൊണ്ട് , ഇംഗ്ലീഷും , മലബാറീം തന്നെ...

നുമ്മളും റിയാദിലാണേ

Arif Zain said...

ഹാ ഏതായാലും വന്നയാള്‍ക്ക് നല്ല ഒരു പിടി ആയി അത് മാറി അല്ലെ? ഒരാള്‍ക്കെങ്കിലും ആ സാധനം കൊണ്ടൊരു ഉപകാരമുണ്ടായി എന്ന് കേട്ടപ്പോള്‍, മനുഷ്യ സ്നേഹിയായ ഞാന്‍ മല്ബുവിന്റെ പ്രയാസം മറന്നു.

M. Ashraf said...

വാക്കുകള്‍ മനോഹരമായി സമ്മേളിപ്പിച്ച് വിജ്ഞാനം പകര്‍ന്നുനല്‍കുന്ന ആരിഫ് സെയിനിന്റെ വരവിനും വായനക്കും കമന്റിനും ഒത്തിരി നന്ദി. അതുപോലെ റിയാദില്‍നിന്ന്
വരവറിയിച്ച സുമേഷ് വാസു, പിന്നെ ഫിയോനിക്‌സ്, കണ്ണൂരാന്‍, മിനി,അന്‍വര്‍, എച്മുക്കുട്ടി, മൈപ്, കുഞ്ഞുമയില്‍പീലി, അനോണി, ഉഷശ്രീ, മറ്റൊരു കഥ പറഞ്ഞ സലാം, മൈഡ്രീംസ്, ജെഫു, റഹീം, സഹയാത്രികന്‍, അബൂതി, കുഞ്ഞൂസ്, അജിത്ത്, മിനി, പ്രഭന്‍കൃഷ്ണന്‍, വീകെ, ഷാജു, ജി.ആര്‍ കവിയൂര്‍ എല്ലാവര്‍ക്കും നന്ദി.
സ്‌നേഹത്തോടെ
എം.അഷ്‌റഫ്‌

Related Posts Plugin for WordPress, Blogger...