Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 3, 2011

മില്‍മക്കൊരു ബദല്‍ സൗദിയ

പരസ്പരം കടിച്ചുകീറാന്‍ പുറപ്പെട്ടവരാണോ ഈ ഇരിക്കുന്നതെന്ന് ആരും സംശയിച്ചുപോകും.
തുല്യദുഃഖിതരായി, ഇടക്കിടെ വാച്ച് നോക്കി, അക്ഷമരായി കാത്തിരിക്കുന്നവര്‍.
ഒരുമയോടെയുള്ള ഈ ഇരിപ്പ് പക്ഷേ, നയനാനന്ദകരം തന്നെ. നാട്ടിലെത്തി വോട്ടു പിടിക്കാന്‍ കരുതിവെച്ചിരിക്കുന്ന അരിയും ഐസ്ക്രീമുമൊക്കെ വിസ്്മരിച്ചുകൊണ്ടുള്ള സൗഹൃദം. ഇപ്പോള്‍ പരിഭവങ്ങളൊക്കെയും ഒറ്റ വിഷയത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. എയര്‍ ഇന്ത്യയുടെ കൊടും ചതി.
വേണ്ടത്ര അറ്റകുറ്റപ്പണി നടത്താത്ത വിമാനങ്ങളും താളം തെറ്റിയ സര്‍വീസുകളും മുഖമുദ്രയാക്കിയ എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന കൊലച്ചതി ഒട്ടും പുതുമയുള്ളതല്ല. പ്രവാസ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ദുരനുഭവത്തിനു സാക്ഷിയാകാത്ത ഒറ്റ പ്രവാസിയും ഉണ്ടാകുകയുമില്ല.
വിശാലമായ വിമാനത്താവളത്തില്‍ ഇപ്പോള്‍ ശപിച്ചു കഴിയുന്നവര്‍ സാധാരണക്കാരല്ല. സാധാരണ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സമീപിക്കേണ്ടവര്‍. മന്ത്രിമാരെ പോലും വിളിച്ച് വിമാനം ഏര്‍പ്പെടുത്താന്‍ കഴിവുള്ളവര്‍.
വിമാനം മാത്രമല്ല, പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. പലതും നാട്ടില്‍ ഭരിക്കുന്ന നേതാക്കളുടെ സമ്മര്‍ദമുണ്ടായാല്‍ പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍. പക്ഷേ, കക്ഷിരാഷ്ട്രീയം പ്രവാസികളെയും വിഴുങ്ങിയപ്പോള്‍ ഐക്യം അസ്തമിക്കുകയും കാലുഷ്യങ്ങള്‍ ബാക്കിയാവുകയും ചെയ്തു.
സ്വന്തം സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താനാണ് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടേയും സജീവ പ്രവര്‍ത്തകരുടേയും നാട്ടിലേക്കുള്ള യാത്ര. എല്ലാ പാര്‍ട്ടികളും പ്രവാസി സഹായം വാഗ്ദാനം ചെയ്തുകൊണ്ട് പ്രവര്‍ത്തകരെ നാട്ടിലയച്ചിട്ടുണ്ട്. ചിലരൊക്കെ പോകാനിരിക്കുന്നു.
ആരൊക്കെയാണ് പാര്‍ട്ടി ചെലവില്‍ നാട്ടിലേക്ക് പോയിരിക്കുന്നതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്താറില്ല. അതിന്റെ പേരില്‍ മറ്റൊരു ചേരിപ്പോര് സഹിക്കാന്‍ ഒറ്റ പ്രവാസി സംഘടനക്കും കെല്‍പില്ല താനും.
അങ്ങനെയങ്ങ് തീര്‍ത്തു പറയാന്‍ വരട്ടെ.
ഇലക്്ഷന്‍ പ്രചാരണത്തിനായി നാട്ടിലയച്ച പ്രവര്‍ത്തകരുടെ എണ്ണം പരസ്യമാക്കുന്നവരുമുണ്ട്.
ആരാണെന്ന് ഊഹിക്കാനൊന്നുമില്ല. വരുംവരായ്കകള്‍ ചിന്തിക്കാതെ, സമയനഷ്ടം ഒഴിവാക്കാന്‍ കേരളത്തില്‍ പ്രചാരണത്തിനു ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയും പിന്നീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്്ത ദേശീയ ഭരണകക്ഷി തന്നെ. ദമാമില്‍നിന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ തങ്ങളുടെ നേതാവ് വര്‍ഗീസ് ചാക്കോയും മറ്റും എയര്‍പോര്‍ട്ടില്‍ കുടുങ്ങിയെന്ന വിവരം പുറത്തറിയിച്ചത് ഒ.ഐ.സി.സി ആയിരുന്നു. എയര്‍ ഇന്ത്യയുടെ നിരുത്തരവാദ നിലപാടില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ബൈജു കല്ലുമല പ്രതിഷേധിക്കുകയും ചെയ്തു.
ഗള്‍ഫിലെ പൊടിക്കാറ്റിനെ എയര്‍ ഇന്ത്യ പഴിച്ചുകൊണ്ടിരിക്കെയാണ് വിമാനത്തിന്റെ തന്നെ ചിറകൊടിഞ്ഞും യാത്രക്കാര്‍ പെരുവഴിയിലായത്. 
ഗള്‍ഫില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം കൊണ്ടുപോകുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ നാട്ടില്‍ ഇപ്പോള്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനും വിജയത്തിനുമായി പ്രവാസി അടവുകളുമായി പോകുന്നവരെ കണ്ടെത്താന്‍ സംവിധാനങ്ങളൊന്നുമില്ല. പ്രവര്‍ത്തകരെ ഇലക്്ഷന്‍ പ്രവര്‍ത്തനത്തിന് അയക്കുന്നതിന് നിയമതടസ്സങ്ങളുള്ളതു കൊണ്ടല്ല പാര്‍ട്ടികള്‍ അതു രഹസ്യമാക്കിവെക്കുന്നത്. ആരെ അയച്ചു, എങ്ങനെ, ഏതു മാനദണ്ഡംവെച്ച് തെരഞ്ഞെടുത്തുവെന്ന ചോദ്യങ്ങളുന്നയിക്കാനായി കാത്തുനില്‍ക്കുന്ന മോഹഭംഗത്തിലകപ്പെട്ട പ്രവര്‍ത്തകരില്‍നിന്ന് രക്ഷപ്പെടുവാനാണ്.
നിങ്ങടെ പാര്‍ട്ടി ആരെയെങ്കിലും നാട്ടിലയക്കുന്നുണ്ടോ എന്നു ചോദിച്ചുനോക്കൂ. ഏയ് ഞങ്ങള്‍ക്കതിനൊന്നും വകയില്ലെന്നായിരിക്കും മറുപടി. മറ്റേ പാര്‍ട്ടി അയച്ചല്ലോ എന്നു ചോദിച്ചാലോ? അവര്‍ക്കെന്താ, ഭരിക്കുന്ന പാര്‍ട്ടിയല്ലേ എന്നായിരിക്കും മറുപടി.
ദേ, നാട്ടില്‍ പ്രചാരണത്തിനു പോകുന്ന ഒരു മല്‍ബു അധിക ലഗേജിനുള്ള ചാര്‍ജ് ഒഴിവാക്കാന്‍ എയര്‍പോര്‍ട്ടില്‍ പരക്കം പായുന്നു. സെല്‍ഫോണില്‍ പലരേയും ട്രൈ ചെയ്യുന്നു.
15 കിലോ അധികമുണ്ട്. പലരുടേയും ഫോണ്‍ സ്വിച്ച്ഡ് ഓഫ്.
ഇലക്്ഷന്‍ യാത്രയല്ലേ, എന്താ ഇത്രയധികം ലഗേജ്? വോട്ടര്‍മാര്‍ക്ക്് കൊടുക്കാനുള്ള സമ്മാനങ്ങളാണോ?
ഏയ് ഇത് അതൊന്നുമല്ല. മല്‍ബിക്കും കുട്ടികള്‍ക്കുമുള്ള കുറച്ചു സാധനങ്ങളാണ്. അവരൊക്കെ രണ്ട് മാസം മുമ്പ് നാട്ടില്‍ പോയതല്ലേ? അവിടത്തെ പാലൊന്നും കുട്ടികള്‍ക്കു പിടിക്കുന്നില്ല. പച്ചവെള്ളമെന്ന് പറഞ്ഞ് കുട്ടികള്‍ തുപ്പിക്കളയുന്നു. അതുകൊണ്ട് ഇവിടെനിന്ന് ഒന്നു രണ്ട് പെട്ടി ലോംഗ് ലൈഫ് സൗദി മില്‍ക്ക് വാങ്ങി. പിന്നെ കുറച്ച് ഇന്‍ഡോമിയും.
എന്നാലും ഇതൊക്കെ ലഗേജ് അടച്ചുകൊണ്ടുപോയാല്‍ മുതലാകുമോ?
നോക്കട്ടെ, ലഗേജ് ഒഴിവാക്കിക്കിട്ടാന്‍ ഒന്നുകൂടി ട്രൈ ചെയ്യാം. കൗണ്ടറില്‍ പരിചയമുള്ള ആരെയും കാണുന്നില്ല. എന്തായാലും കൊണ്ടുപോയേ പറ്റൂ.


2 comments:

Unknown said...

പ്രഭാതകൃത്യങ്ങള്‍ സുഗമമാക്കാന്‍ സൌദിയ നല്ലതാണ് എന്നൊരു ചൊല്ലുണ്ട്, ഇനി ഇങ്ങനെ വല്ല പ്രശ്നവുമാണോ കാരണം?! :)

Anonymous said...

മല്‍ബു "ബി' മാരുടെ വളര്‍ത്തു ദോഷം.......

Related Posts Plugin for WordPress, Blogger...