Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 23, 2011

മല്‍ബു ഇന്‍ ക്ഷുരകശാല

ക്ഷുരകശാലയില്‍ ക്യൂവിലാണ് മല്‍ബുവും മകനും.
ക്ഷുരകശാലയോ അതോ വായനശാലയോ എന്നു സംശയം ജനിപ്പിക്കുന്നതാണ് അവിടത്തെ കാര്യങ്ങള്‍.
അഞ്ചാറ് മല്‍ബുകള്‍ നിരന്നിരുന്ന് പത്രങ്ങള്‍ പകുത്തെടുത്ത് പാരായണത്തില്‍. ചിലരുടെ കൈയില്‍ വീക്കിലികള്‍. ബാക്കിയുള്ളവര്‍ ടെലിവിഷനില്‍ മല്‍ബികളുടെ പാട്ടും നൃത്തവും കാണുന്നു.

ഈ വക കൃത്യങ്ങളിലൊന്നും പങ്കെടുക്കാന്‍ നിര്‍വാഹമില്ലാതെ രണ്ട് പച്ചകള്‍ അഥവാ പാക്കികള്‍ കാത്തിരിപ്പിന്റെ മുഷിപ്പില്‍. ടി.വി തുറന്നതു കൊണ്ട് മല്‍ബുപ്പയ്യന്‍ മുഷിപ്പില്ലാതെ അതില്‍ നോക്കിയിരുന്നു.

ഊഴം കാത്തുള്ള ഈ ഇരിപ്പ് ഇത്തിരി ബുദ്ധമുട്ടുള്ള കാര്യം തന്നെ. പച്ചകളെ നോക്കിയാലറിയാം അവരുടെ അക്ഷമ.
അപ്പോള്‍ ക്ഷുരകശാല വായനശാലയോ സിനിമാ തിയേറ്റര്‍ തന്നെയോ ആയാലും കുറ്റപ്പെടുത്താന്‍ കഴിയില്ല. നാട്ടില്‍ മാത്രം പോരല്ലോ ഈ വക സൗകര്യങ്ങള്‍. എന്നാലും രാഷ്ട്രീയം മാത്രം പറയരുത് എന്ന ബോര്‍ഡൊന്നും തൂക്കിയിട്ടില്ല. മാത്രമല്ല, നാട്ടിലെ പോലെ ആളുകള്‍ വര്‍ത്തമാനം പറയുന്നുമില്ല. എല്ലാവരും തന്താങ്ങളുടെ കര്‍മങ്ങളായ വായനയിലും ടെലിവിഷന്‍ നോട്ടത്തിലും മുഴുകിയിരിക്കുന്നു.
പത്രങ്ങളും അറബി, ഇംഗ്ലീഷ്, മലയാളം വാരികകളും കൂട്ടിയിട്ടിരിക്കുന്ന ടീപ്പോയിക്ക് മുകളില്‍ ഒരു മൊബൈല്‍ ഫോണ്‍ അനാഥമായി കിടപ്പുണ്ട്.
നമ്മുടെ കഥാനായകന്‍ മല്‍ബുവിന്റെ തൊട്ടടുത്തിരിക്കുന്ന മല്‍ബു അതില്‍ കുറേനേരം നോട്ടമിട്ടു. ഫോണിന്റെ ഉടമയാണെങ്കില്‍ ഗാഢമായ വായനയിലും. കാണാന്‍ നല്ല ചേലുള്ള ഒരു ഫോണ്‍. ആരു കണ്ടാലും നോക്കിപ്പോകുന്ന അഴക്. നോക്കിയ തന്നെ. അതാണല്ലോ മല്‍ബുകളുടെ ഇഷ്ട ബ്രാന്റ്. എന്നാലും ഏറ്റവും പുതിയ ടച്ച് സ്‌ക്രീന്‍ മോഡല്‍. മല്‍ബു അതു മെല്ലെ കയ്യിലെടുത്തു. ഉടമ കണ്ടൊന്നുമില്ല. സി.ഐ.ടി.യുക്കാരുടെ നോക്കുകൂലി തോല്‍പിക്കാന്‍ മുതലാളി തന്നെ ലോഡിറക്കിയ വാര്‍ത്തയില്‍ ലയിച്ചിരിക്കുകയാണ് അയാള്‍.
പക്ഷേ, മല്‍ബു കൈ ഒറ്റവലി. ഷേക്കേറ്റതു പോലായിരുന്നു അത്. പിന്നെ ഇടത്തും വലത്തും തിരിഞ്ഞു നോക്കി. ശേഷം തലതാഴ്ത്തി ഇരുന്നു. ഉടമ കണ്ടില്ലെന്നാണല്ലോ കരുതിയത്. അയാളുടെ ഒരു കണ്ണ് ഫോണില്‍തന്നെ ആയിരുന്നു. ജാഗ്രത അതു മല്‍ബുവിന്റെ മറുപേരായി പറയാം. ഒരേസമയം പല കാര്യങ്ങളില്‍ ഇത്രമാതം ശ്രദ്ധ ചെലുത്താന്‍ പറ്റുന്നവര്‍ ഭൂമിയിലുണ്ടെങ്കില്‍ അതു മല്‍ബുകള്‍ തന്നെയായിരിക്കും. ഒട്ടും സംശയം വേണ്ട.
ഉം എന്തു പറ്റി?
ഉടമ ചോദിച്ചു.
മല്‍ബു മെല്ലെ തല ഉയര്‍ത്തി. വളിച്ച മുഖം.
ഏയ് ഒന്നൂല്ല. അതിന്റെ മോഡല്‍ കണ്ട് എടുത്തു നോക്കീതാ. വല്ലാഹി വേറെ ഒന്നിനുമല്ല.
ഓ… അതൊന്നും സാരമില്ലെന്നേ. ഇതാ വേണല്‍ നോക്കിക്കോ. മാന്യനായ മൊബൈല്‍ ഉടമ.
പക്ഷെ, അയാള്‍ വാങ്ങിയില്ല. തലതാഴ്ത്തി ഇരുന്നതേയുള്ളൂ.
എന്തായിരിക്കും സംഭവം. അന്യരുടെ മൊബൈല്‍ തൊട്ടാല്‍ ഷോക്കടിക്കുന്ന വല്ല വിദ്യയും വികസിപ്പിച്ചിട്ടുണ്ടോ. ഇതിത്തിരി മറിമായം തന്നെയല്ലേ. ഒരാള്‍ മൊബൈല്‍ തൊടുന്നു. തൊട്ടടുത്ത നിമിഷത്തില്‍ അതവിടെ വെച്ച് കൈ വലിക്കുന്നു.
സാങ്കേതിക വിദ്യകള്‍ പോകുന്ന പോക്ക്. പലവിധ കണ്ടുപിടിത്തങ്ങളാണല്ലോ ദിവസവും. ഈ വിദ്യ കൊള്ളാം. കള്ളന്മാര്‍ കൊണ്ടു പോകാനിടയുള്ള ഇളകുന്ന മുതലുകള്‍ക്കെല്ലാം ഇതങ്ങു ബാധകമാക്കിയാല്‍ മതിയല്ലോ?
മല്‍ബു അയാളുടെ കാതില്‍ ചോദിച്ചു.
അല്ലാ, ശരിക്കും എന്താണ് സംഭവിച്ചത്. നിങ്ങള്‍ക്ക് ഷോക്കടിച്ചോ?
ഏയ് ഷോക്കടിച്ചൊന്നുമില്ല.
പിന്നെ എന്തിനാ കൈ വലിച്ചത്.
ഷോക്കൊന്നുമില്ല. ധൈര്യായി എടുത്തു നോക്കിക്കോളൂ.
വേണ്ട. എന്നാലും എന്തോ അപകടമുണ്ട്. നിങ്ങള്‍ പറ. ഞാന്‍ കൂടി ചമ്മണ്ടല്ലോ. സുഹൃത്തിനെകൂടി ആപത്തില്‍ ചാടിക്കാതിരിക്കുന്നത് വലിയ പുണ്യമാണ്.
ഓ.. അതിനു നിങ്ങള്‍ എന്റെ സുഹൃത്താണോ?
സുഹൃത്തല്ലെങ്കിലും ഞാനും ഒരു മല്‍ബുവല്ലേ. ആ പരിഗണന തന്നുകൂടെ.
ആട്ടെ, നിങ്ങളുടെ നാടെവിടാ? ഇവിടെ എവിടാ ജോലി. എന്താ പേര്?
അയ്യോ രക്ഷയില്ല. ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയുന്നതിലും ഭേദം ഫോണ്‍ ഒന്നെടുത്തു നോക്കുന്നതുതന്നെ. സൂപ്പര്‍ കത്തിക്കു വഴങ്ങുന്നതിലും ഭേദം ഷോക്കേല്‍ക്കുന്നതു തന്നെ.
മടിച്ചു മടിച്ചു മല്‍ബു ഫോണില്‍ തൊട്ടതും സ്‌ക്രീന്‍ തെളിഞ്ഞുവന്നു.
വെക്കെടാ  ഫോണ്‍ അവിടെ.
ഫോണിന്റെ ഉടമയും ആദ്യ ഇളിഭ്യനും പൊട്ടിച്ചിരിച്ചു.

4 comments:

Naushu said...

കൊള്ളാം...

mini//മിനി said...

അന്യർ തൊട്ടാൽ ‘രക്ഷിക്കണേ‘, എന്ന് വിളിച്ച് കൂവുന്ന മൊബൈൽ വരുന്നുണ്ട്. സൂക്ഷിക്കുക,,,

Unknown said...

nannaayiTTund

cv ude manasam said...

like u r drawings good style

Related Posts Plugin for WordPress, Blogger...