Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 26, 2008

അമളി

അമേരിക്കന്‍ ആസ്ഥാനമായുള്ള കമ്പനിയുടെ ജനറല്‍ മാനേജരെ തേടിപ്പോയി പറ്റിയ അമളിയെ കുറിച്ചാണ്‌ ഈ കുറിപ്പ്‌. ജിദ്ദയിലേക്ക്‌ പുതുതായി സ്ഥലം മാറിവരുന്ന മാനേജര്‍ ഡീസന്റ്‌ സുഹൃത്തുക്കളെ തേടുന്നതായുള്ള നെറ്റിലെ പരസ്യമാണ്‌ എന്നെ ആകര്‍ഷിച്ചത്‌. ജിദ്ദയിലേക്ക്‌ വരുന്ന അദ്ദേഹത്തിന്‌ എന്തെങ്കിലും വിവിരങ്ങള്‍ നല്‍കാമല്ലോ എന്നു കരുതി ഫോണ്‍ നമ്പറും നല്‍കി. ബ്രിട്ടനില്‍നിന്നും മറ്റും സൗദി അറേബ്യയിലേക്ക്‌ വരുന്ന ഉദ്യോഗസ്ഥര്‍ ഇവിടത്തെ കാലാവസ്ഥയെ കുറിച്ചും ജീവിത ചെലവുകളെ കുറിച്ചുമൊക്കെ അന്വേഷിക്കാറുണ്ട്‌.ഏതായാലും നമ്മുടെ സുഹൃത്ത്‌ ജിദ്ദയിലെത്തി ടെലിഫോണ്‍ ചെയ്‌തതനുസരിച്ചാണ്‌ അദ്ദേഹത്തെ കാണാന്‍ ചെന്നത്‌. ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടം കണ്ടെത്താന്‍ പ്രയാസപ്പെട്ടതിനെ തുടര്‍ന്ന്‌ അദ്ദേഹം കാറിലെത്തി. ഏതുതരത്തിലുള്ള ബിസിനസ്‌ സ്ഥാപനമാണെന്ന എന്റെ ചോദ്യത്തിന്‌ മാര്‍ക്കറ്റിംഗ്‌ സ്ഥാപനമെന്നാണ്‌ പാക്കിസ്ഥാനിയായ സുഹൃത്ത്‌ പറഞ്ഞു.അങ്ങനെ ഞങ്ങള്‍ ഓഫീസിലെത്തിയപ്പോഴാണ്‌ അത്‌ ഹെല്‍ത്ത്‌ പ്രേഡക്ട്‌സ്‌ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌ വഴി വില്‍പന നടത്തുന്ന സ്ഥാപനമാണെന്ന്‌ അറിയാന്‍ കഴിഞ്ഞത്‌. സുഹൃത്തിനെ തേടിയ നമ്മുടെ മാനേജര്‍ നേരെ ബിസിനസ്‌ വിഷയത്തിലേക്ക്‌ കടക്കുയും ചെയ്‌തു. ഫോര്‍ എവര്‍ കമ്പനിയുടെ ഉല്‍പന്നങ്ങളെ കുറിച്ചും നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിംഗിനെ കുറിച്ചുള്ള ലീഫ്‌ ലെറ്റുകള്‍ തുരുതുരാ പ്രവഹിക്കുകയായി. കമ്പനിയുടെ ഉടമ കോടീശ്വരനായ റെക്‌സിനോടൊപ്പം യു.എ.ഇ.യിലെ ബുര്‍ജുല്‍ അറബില്‍ പ്രാതല്‍ കഴിച്ചതുവരെയുള്ള കഥകള്‍ നിരത്തിയപ്പോള്‍ താങ്കള്‍ക്ക്‌ ഇതുവഴി മാസം എത്ര റിയാല്‍ ലഭിക്കുന്നുണ്ടെന്ന്‌ ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു. പതിനായിരത്തില്‍ കൂടുതലെന്നായിരുന്നു മറുപടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ്‌ നെറ്റ്‌ വര്‍ക്കില്‍ ചേര്‍ന്ന്‌ പരാജയപ്പെട്ട മെംബര്‍മാര്‍ എത്ര വരുമെന്ന ചോദ്യത്തിന്‌ 50 ശതമാനമെന്ന്‌ അദ്ദേഹം സത്യസന്ധമായി മറുപടി നല്‍കി. ചതിക്കപ്പെട്ട ആ 50 ശതമാനത്തിന്റെ കണ്ണീരാണ്‌ താങ്കള്‍ നേടിക്കൊണ്ടിരിക്കുന്ന പതിനായിരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും ഈ സാമൂഹ്യ ബോധമാണ്‌ കേരളത്തില്‍നിന്ന്‌്‌ വളരെ കുറച്ച്‌്‌ അതിമോഹികളെ മാത്രമേ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌ില്‍ ലഭിക്കുന്നുള്ളൂ എന്ന യാഥാര്‍ഥ്യത്തിനു പിന്നിലുള്ളതെന്നും ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. കമ്പനിയില്‍ ചേരാന്‍ ഫീയില്ലെന്ന്‌ പറയുമ്പോഴും ആദ്യ വില്‍പനക്ക്‌ ഏല്‍പിക്കുന്ന ഉല്‍പന്നങ്ങള്‍ ഒരിക്കലും കമ്പനി തിരിച്ചെടുക്കില്ലെന്ന വസ്‌തുതയും ഞാന്‍ അദ്ദേഹത്തെ കൊണ്ട്‌ പറയിച്ചു. ബിസിനസ്‌ ബന്ധമുണ്ടാക്കാന്‍ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചത്‌ ശരിയായില്ലെന്ന്‌ പറഞ്ഞതിനു പുറമെ, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിലെ ചതികളെ കുറിച്ച്‌ അദ്ദേഹത്തോടും എം.ബി.എ കഴിഞ്ഞ്‌ ഈ ബിസിനസിലേക്ക്‌ കടന്നുവെന്ന പാക്കിസ്ഥാനി തന്നെയായ മറ്റൊരു മാനേജറോടും വിശദീകരിച്ച ചാരിതാര്‍ഥ്യത്തോടെയാണ്‌ ഞാന്‍ മടങ്ങിയത്‌. അമളിയാണ്‌ സംഭവിച്ചതെങ്കിലും സഹജീവികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത്‌ പേരും പ്രശസ്‌തിയും പണവും നേടാനുള്ള ആര്‍ത്തിയെ കുറിച്ച്‌ നന്നായി പറയാന്‍ എനിക്ക്‌ സാധിച്ചു.
Related Posts Plugin for WordPress, Blogger...